ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്. യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി ലഭിച്ചു. 47 നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിൽ ലക്ഷത്തിന് മേൽ ആളുകൾ അഭയാർഥികളായി. അതിനിടെ സൗദിയിലേക്കെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രതിരോധിച്ചു. റിയാദ് അൽ ഖർജിലെ സൈനിക കേന്ദ്രം ലക്ഷ്യം വെച്ചാണ് മിസൈലുകൾ എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറയിച്ചു.
അതേസമയം, ലെബനാനിലെ ഇറാൻ്റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ തങ്ങളും 'ലക്ഷ്യം' വെക്കുമെന്ന് ഇറാൻ.'ലെബനാനിലെ ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ, ആ ഭരണകൂടത്തിൻ്റെ എല്ലാ എംബസികളും ഞങ്ങളും ആക്രമിക്കും, ഇത് തീർച്ചയായും സംഭവിക്കുകയും ചെയ്യും'- ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വക്താവ് അബുല്‍ ഫസൽ ഷെകാർച്ചി വ്യക്തമാക്കി.













































































