ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങി. ഇതോടെ സ്‌കൂളിലുണ്ടായിരുന്ന 162 കുട്ടികളും അധ്യാപകരും ഒരു രാത്രി മുഴുവന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കഴിഞ്ഞു.
പുലര്‍ച്ചെ അഞ്ചരയോടെ പോലിസെത്തി നാട്ടുകാരും ചേര്‍ന്നാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. ഈസ്റ്റ് സിങ്ഭും ജില്ലയില്‍ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്.
സമീപത്തെ ഗുദ്ര നദിയില്‍ വെള്ളം പൊങ്ങിയതോടെ അധ്യാപകര്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണര്‍ത്തി മേല്‍ക്കൂരയിലേക്ക് കയറി. പുലര്‍ച്ചെ 4 മണിയോടെ സ്‌കൂള്‍ കെട്ടിടം മുങ്ങി. അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാര്‍ഗ് പറഞ്ഞു. ഒറ്റനില കെട്ടിടം പൂര്‍ണമായും മുങ്ങി. ആസ്ബസ്റ്റോസ് ഷീറ്റിലാണ് കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്.