അടിച്ചമർത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബമായിരുന്നു അയ്യങ്കാളി. അയിത്തം കൊടികുത്തിവാണകാലത്ത് തൊട്ടുകൂടായ്മക്കും വിവേചനങ്ങൾക്കുമെതിരെ പോർമുഖം തുറന്ന ധീരനേതാവായിരുന്നു അയ്യങ്കാളി. എല്ലാ ജാതിക്കാർക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനായി നടത്തിയ നെടുമങ്ങാട് ചന്തലഹളയും വില്ലുവണ്ടിയാത്രയും ദളിതരുടെ വസ്ത്രധാരണത്തിനുള്ള സമരങ്ങളും നീതിക്കായുള്ള പോരാട്ടങ്ങളായി. 1914ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായി.
ജന്മി-കുടിയാൻ ബന്ധം നിലനിന്നിരുന്ന കാലത്ത് ഉച്ചനീചത്തങ്ങൾക്കും ചൂഷണത്തിനുമെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1907ൽ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അസമത്വം അനുഭവിച്ച എല്ലാ ജാതിമതസ്ഥരുടേയും ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം. വിദ്യാഭ്യാസമെന്നത് ജാതി മത ചിന്തകൾക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ആഹ്വനം ചെയ്‌തു അയ്യങ്കാളി. തുടർച്ചയായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവർക്കും സ്‌കൂളുകളിൽ പഠിക്കാനുള്ള അവകാശം നേടിയെടുത്തു. 1914 മേയ് മാസത്തിൽ 'സാധുജന പരിപാലിനി' പത്രം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂർ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദർശിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ നവോത്ഥാനനായകൻ വിടവാങ്ങിയത് 1941 ജൂൺ 18നാണ്.