കോട്ടയം: വൃദ്ധ ദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം തട്ടിയെടുത്ത യുവ ദമ്പതിമാര്‍ പിടിയില്‍. മാഞ്ഞൂര്‍ വികെറ്റീ വിട്ടീല്‍ മഹേഷ് (38) ഭാര്യ വിജി (37) എന്നിവരെയാണ് കടുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മക്കളില്ലാത്ത മാഞ്ഞൂര്‍ സ്വദേശികളായ വൃദ്ധ ദമ്പതിമാരോട് അടുപ്പം സ്ഥാപിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് അവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കുറുപ്പുന്തറയിലെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതിമാരുടെ പണം പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു.
മറ്റൊരു ബാങ്കിന്റെ എറണാകുളം ബ്രാഞ്ചില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് വൃദ്ധദമ്പതികളെ വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 2024 ജൂലൈയിലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. പല തവണകളായി ചെക്ക് മുഖാന്തരവും മറ്റുമാണ് പ്രതികള്‍ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത്. 60 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം സിഎഫ്‌സിഐസിഐ ബാങ്കിന്റെ എ എറണാകുളം ശാഖയില്‍ നിക്ഷേപിച്ചതായി വ്യാജരേഖയുണ്ടാക്കി വൃദ്ധ ദമ്പതികളെ കാണിച്ച് കബളിപ്പിക്കുകയും ചെയ്തു. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.















































































