താനൂര്‍: താനൂര്‍ കസ്റ്റഡിക്കൊലക്കേസില്‍ പഴുതുകള്‍ ഒരുക്കി സിബിഐ കുറ്റപത്രം. താമിര്‍ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് മര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ ഉണ്ടെങ്കിലും ക്രൈംബ്രാഞ്ച് ചുമത്തിയ കൊലപാതക കുറ്റം സിബിഐ ഒഴിവാക്കി. നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും താനൂര്‍ മുന്‍ എസ്‌ഐ കൃഷ്ണലാലും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി. പ്രതികളായുള്ള പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ പഴുതുകള്‍ ഒരുക്കിയുള്ള സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചു.
കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത് താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ്. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍. കല്‍പ്പഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും പ്രതികള്‍. ഇവര്‍ നാല് പേരും ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ്. ഇവര്‍ക്ക് പുറമേ താനൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ കൃഷ്ണലാലിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും ഈ അഞ്ച് പേര്‍ ആയിരുന്നു പ്രതികള്‍. ഉന്നത ഉദ്യോഗസ്ഥരിലേക്ക് സിബിഐ അന്വേഷണം എത്തിയിട്ടില്ല. പഴുതൊരുക്കിയുള്ള സിബിഐ കുറ്റപത്രത്തിനെതിരെ താമിര്‍ ജിഫ്രിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.