വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ഈ മാസം തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യൻ സന്ദർശനം നടത്തും.
ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതാണെങ്കിലും യുഎസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടർന്ന് ഡോവലിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതായി തീർന്നിരിക്കുകയാണ്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നാൽ ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. അതിനിടയില്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ട്രംപ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നാണ് വിശദീകരണം. വ്യാപാരക്കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്ന് റഷ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.