തെലുങ്കാന സ്വദേശിയായ സ്ത്രീ കാമുകന്‍റെയും അയാളുടെ സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. വളരെയധികം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൃത്യത്തില്‍, കൊലപാതക രീതി പഠിച്ചത് യൂട്യൂബില്‍ നിന്ന്. ഭർത്താവിന്‍റെ ചെവിയില്‍ വിഷം ഒഴിച്ചാണ് ഇവർ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. ശുചീകരണ തൊഴിലാളിയായ സമ്പത്ത് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ സമ്പത്തിന്റെ ഭാര്യ രമാദേവിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിന് അടിമയായിരുന്ന സമ്പത്ത് മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സമ്പത്തിനും രമാദേവിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രമാദേവി ഒരു ചായക്കടയില്‍ ജോലി ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. ഇവിടെ വച്ചാണ് ഇവർ 50 -കാരനായ കരണ്‍ രാജയ്യയെ പരിചയപ്പെടുന്നതും ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും.
പോലീസ് അന്വേഷണത്തില്‍ ഭർത്താവിനെ ഒഴിവാക്കാൻ രമാദേവി വളരെയധികം ആഗ്രഹിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി യൂട്യൂബില്‍ തെരഞ്ഞപ്പോള്‍, കീടനാശിനി ചെവിയില്‍ ഒഴിച്ച് ഒരാളെ കൊല്ലുന്ന രീതി വിശദീകരിക്കുന്ന ഒരു വീഡിയോ ഇവർ കണ്ടെത്തിയെന്നും പോലീസ് പറയുന്നു. തുടർന്ന് രമാദേവി കാമുകനായ രാജയ്യയോട് തന്‍റെ പദ്ധതി വിശദീകരിച്ചു. ശേഷം ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
രമാദേവിയുടെ നിർദ്ദേശ പ്രകാരം രാജയ്യ തന്‍റെ ഒരു സുഹൃത്തിനോടൊപ്പം സമ്പത്തിന് മദ്യം മല്‍കി ബോധരഹിതനാക്കി. പിന്നീട് ഇയാളുടെ ചെവിയില്‍ കീടനാശിനി ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സമ്പത്ത് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം ചെയ്തതിന് തൊട്ടടുത്ത ദിവസം ഭർത്താവിനെ കാണാനില്ലെന്ന് രമാദേവി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഓഗസ്റ്റ് 1 -ന് സമ്പത്തിന്‍റെ മൃതദേഹം പോലീസ് കണ്ടെത്തി. എന്നാല്‍, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് രമാദേവി പോലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം രമാദേവിയുടെയും സമ്പത്തിന്‍റെയും മകൻ അച്ഛന്‍റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് രമാദേവി ആവശ്യപ്പെട്ടതും പോലീസിന് സംശയം ഉണ്ടാക്കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കോള്‍ റെക്കോർഡുകളും, സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതോടെ മൂന്ന് പേരിലേക്കായി അന്വേഷണം ചുരുങ്ങി. രമാദേവിയെയും കാമുകനെയും സുഹൃത്ത് ശ്രീനിവാസിനെയും ചോദ്യം ചെയ്തപ്പോള്‍ മൂവരും കുറ്റം സമ്മതിച്ചെന്നും പോലീസ് പറയുന്നു. മൂന്നുപേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.