*ചലച്ചിത്രതാരത്തില്‍ നിന്നും കേന്ദ്രമന്ത്രി പദത്തിലേക്ക് : സുരേഷ് ഗോപിയുടെ ചരിത്രം*
കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ. ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും നാലുമക്കളിൽ മൂത്തയാളാണ് സുരേഷ് ജി.നായർ എന്ന സുരേഷ് ഗോപി.
ചലച്ചിത്രതാരത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വളര്‍ന്ന സുരേഷ് ഗോപി എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്നത് കൗതുകരമാണ്.
രണ്ടുവട്ടം തൃശൂരില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മൂന്നാം വട്ടം വിജയം സുരേഷ് ഗോപിക്കൊപ്പമായിരുന്നു.
1965ല്‍ കെ.എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായാണ് സുരേഷ് ഗോപി. ചെറു വേഷങ്ങളിലൂടെ
ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയര്‍ന്നു. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ നായകനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തി.
ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തില്‍ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതില്‍പ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.
ജയരാജ് സംവിധാനം ചെയ്ത
കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് പഠനകാലത്ത് എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി. മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനായും പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി ഗംഗാധരനായിട്ടുമായിരുന്നു പ്രചാരണം.
2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു. 2016 ഒക്ടോബറില്‍ ബിജെപിയില്‍ ചേര്‍ന്ന സുരേഷ് ഗോപി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്.
എന്നാല്‍ ഈ വര്‍ഷം എഴുപതിനായിരത്തില്‍പരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.
രാധിക നായരാണ് ഭാര്യ. നടന്‍ ഗോകുല്‍ സുരേഷും അന്തരിച്ച മകള്‍ ലക്ഷ്മി സുരേഷുമടക്കം അഞ്ചു മക്കളുണ്ട്.
മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്.
മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതോടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന പ്രചാരണവാക്യം കത്തിപ്പടർന്നു.