നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ. നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്‌ടർ സ്‌ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.













































































