കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിൽ ആയത്. മൂന്നുദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രശ്മി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
