കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരുമെന്നും അതിന് കീഴിലാകും തുടർന്ന് എല്ലാ ക്ഷേത്രങ്ങളുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കോട്ടയം പാലായില്‍ ബി.ജെ.പി സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരാനാകില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ശബരിമലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചാണ് അദ്ദേഹം ഇപ്പോള്‍ ശബരിമലയുടെ കാര്യത്തില്‍ ഇടപെടാത്തത്. ഏകസിവില്‍കോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീരും.
സിവില്‍കോഡ് ഉടൻതന്നെ വരുമെന്ന് അമിത്ഷായും പറഞ്ഞിട്ടുണ്ട്. അത് വന്നുകഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ വരും. അപ്പോള്‍ ക്ഷേത്രങ്ങള്‍ക്കായി ദേശീയസംവിധാനം വരും. അതുവരുമ്പോള്‍ ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തില്‍വരും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് മോദി സർക്കാർ നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.