തിരുവനന്തപുരം: പേരൂര്‍ക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായി. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളില്‍ വെയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കണ്ടെത്തിയത്. മാല വീടിന് പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇത് പൊലീസ് മെനഞ്ഞ് കഥയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കേസ് അന്വേഷിച്ച പേരൂര്‍ക്കട എസ്‌ഐ പ്രസാദ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു സംഭവം നടന്നത്. നെടുമങ്ങാട് സ്വദേശിനി ബിന്ദുവാണ് പേരൂര്‍ക്കട പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയാകുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസില്‍ നിന്ന് നേരിട്ടത് കടുത്ത പീഡനമാണെന്ന് ബിന്ദു പറഞ്ഞിരുന്നു. വിവസ്ത്രയായി പരിശോധിച്ചുവെന്നും അടിക്കാന്‍ വന്നുവെന്നുമടക്കമുള്ള ആരോപണവും ബിന്ദു ഉന്നയിച്ചിരുന്നു. മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാല വീട്ടില്‍ നിന്ന് തന്നെയാണ് ലഭിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞാണ് അറിഞ്ഞത്. സംഭവത്തില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും ബിന്ദു ആരോപിച്ചിരുന്നു. താന്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു. എന്നാല്‍ ബിന്ദു തന്നെ കാണാനെത്തിയിരുന്നുവെന്നും പരാതി വിശദമായി കേട്ടിരുന്നുവെന്നും അവഗണിച്ചില്ലെന്നുമായിരുന്നു പി ശശി പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.