കാലിഫോർണിയ: ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. അവസാന നോമിനേഷനുകളുടെ പ്രഖ്യാപനം ഇന്ന് യു.എസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ച് നടക്കും. വൈകിട്ട് 7 മണിക്കാണ് പ്രഖ്യാപന ചടങ്ങ്. അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് അംഗങ്ങൾ പ്രഖ്യാപിച്ച ഷോർട്ട് ലിസ്റ്റിൽ നാല് ഇന്ത്യൻ സിനിമകളും ഉൾപ്പെടുന്നു. 2022 ഡിസംബറിൽ വരെയുള്ള സിനിമകൾ 10 വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുക്കുന്നത്.ആർആർആർ, ചെല്ലോ ഷോ, ഓൾ ദാറ്റ് ബ്രീത്ത്സ്, ദ എലിഫന്റ് വിസ്പേഴ്സ് എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള നാല് ചിത്രങ്ങൾ.

മികച്ച ഗാന വിഭാഗത്തിലാണ് ആർആർആർ മത്സരിക്കുന്നത്. 'നാട്ടു നാട്ടു 'എന്ന ഗാനത്തിനൊപ്പം അവതാർ, ബ്ലാക്ക് പാന്തർ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളാണ് മത്സരത്തിനെത്തുന്നത്.പാൻ നളിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ (ദി ലാസ്റ്റ് ഫിലിം ഷോ) ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഷൗനക് സെന്നിൻ്റെ ഡോക്യുമെൻ്ററി ചിത്രം 'ഓൾ ദാറ്റ് ബ്രീത്ത്സ്' അക്കാദമിയുടെ മികച്ച ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം എന്ന വിഭാഗത്തിലാണ് ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.