കോട്ടയം: സംസ്ഥാനതല അവധിക്കാല അധ്യാപക സംഗമത്തിൻ്റെ ഭാഗമായി കലാധ്യാപക സംഗമത്തിന് കോട്ടയത്ത് തുടക്കമായി. സംഗമത്തിൽ അനുഭവാധിഷ്ഠിത പഠനത്തിലൂന്നിയ പുതിയ പഠനരീതികളും തന്ത്രങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള ക്ലാസുകൾ നടന്നു. ചിത്രം, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ചു മേഖലകളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ വിനിമയമാണ് ഈ വർഷത്തെ കലാധ്യാപക സംഗമത്തിൽ പ്രാധാന്യം നൽകുന്നത്. എട്ടാം ക്ലാസിലെ മണ്ണൊരുക്കാം മനസ്സൊരുക്കാം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി കളിമൺ ശില്പകല എല്ലാ അധ്യാപകരും ഒരുപോലെ അനുഭവിച്ചറിഞ്ഞു. കോയിൽ പോട്ട്, സർഗാത്മകശില്പ നിർമ്മാണം എന്നിവ പരിശീലിച്ചു. മരമുത്തശ്ശനും മനുഷ്യരും പ്രകൃതിയുമുൾപ്പെടെ വിവിധങ്ങളായ ശില്പങ്ങളാണ് ശില്പശാലയുടെ ഭാഗമായി ആവിഷ്കരിച്ചത്. ശില്പശാല അഞ്ചുദിവസം നീണ്ടുനിൽക്കും. കലാവിഭാഗം റിസർച്ച് ഓഫീസർ കെ. സതീഷ് കുമാർ ശില്പശാലക്ക് നേതൃത്വം നൽകി.