പ്രതിമാസ 45 കോടി സജീവ ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുകയാണ് ഗൂഗിള്‍ ജെമിനി. ജെമിനിയുടെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ സാമ്പത്തിക വര്‍ഷത്തെ മുന്‍പാദത്തേക്കാള്‍ 50 ശതമാനത്തിലേറെ വർധനവാണ് ഉണ്ടായത്.
ഗൂഗിള്‍ ഇന്ത്യയുടെ മാർക്കറ്റിങ് ആന്റ് സൈറ്റ് മേധാവി ശേഖര്‍ ഖോസ്ലയാണ് കമ്പനിയുടെ ഈ നേട്ടം സംബന്ധിച്ച വിവരം അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് 18 വയസായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെമിനി പ്രീമിയം എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ കമ്പനി സൗജന്യമായി ലഭ്യമാക്കിയത്. പ്രതിദിനം 19500 രൂപ നിരക്കുള്ള പ്ലാന്‍ ആണിത്.
2025 സെപ്റ്റംബര്‍ 15 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ പ്ലാന്‍ പ്രഖ്യാപിച്ചത് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സബ്‌സ്‌ക്രിപ്ഷൻ പ്ലാന്‍ വഴി ഗൂഗിള്‍ വികസിപ്പിച്ച ജെമിനി 2.5 പ്രോ, ഡീപ്പ് റിസര്‍ച്ച്, എഐ വീഡിയോ ജനറേറ്റര്‍, വിയോ 3 എന്നിവ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും. ഫ്ലോ, നോട്ട്ബുക്ക് എല്‍എം പോലുള്ള എഐ ടൂളുകളും ഉപയോഗിക്കാനാവും.
ഇപ്പോൾ ജെമിനിയുടെ വലിയ എതിരാളി ചാറ്റ്ജിപിടിയാണ്. ചാറ്റ് ജിപിടിയ്ക്ക് 60 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെ മറികടക്കാന്‍ ജെമിനിക്ക് ഇനിയും ഉപഭോക്താക്കളെ സ്വന്തമാക്കേണ്ടതുണ്ട്. എന്നാല്‍ അതിവേഗം അത് സംഭവിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.