തിരുവനന്തപുരം: കോർപ്പറേഷൻ നിയമന കത്ത് വിവാദത്തിൽ സമരക്കാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് തദ്ദേശ വകുപ്പ് മന്ത്രി. ഈ മാസം 30ന് മന്ത്രി എംബി രാജേഷിന്റെ ചേമ്പറിൽ ആണ് ചർച്ച. ഇത് രണ്ടാം തവണയാണ് മന്ത്രിതല ചർച്ച വിളിക്കുന്നത്. സമരം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആണ് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ജനുവരി മുതൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനിടെ കേസ് തള്ളണമെന്ന് കോർപ്പറേഷൻ ആവശ്യം ഓംബുഡ്സ്മാൻ നിരസിച്ചു. തദ്ദേശസ്ഥാപന ഓംബുഡ്സ്മാൻ ഫെബ്രുവരി 22ന് കേസിൽ തുടർവാദം കേൾക്കും.
