ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും കൂട്ടുകാരി ആതിയ ഷെട്ടിയും വിവാഹിതരായി.വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബോളിവുഡ് നടിയായ ആതിയയും രാഹുലും നാലു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹത്തിനു മുന്നോടിയായി രാഹുൽ ഇന്ത്യൻ ടീമിൽനിന്ന് താൽക്കാലികമായി വിട്ടുനിന്നിരുന്നു. എന്നാൽ വിവാഹം നടക്കുന്ന ദിവസമോ, സമയമോ നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ടീം ക്യാംപിലായതിനാൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള പ്രമുഖ താരങ്ങളൊന്നും വിവാഹത്തിനെത്തിയിട്ടില്ലെന്നാണു വിവരം.
