തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ബിജെപി നേതൃത്വം. തന്ത്രിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനാണെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശശേഖർ പറഞ്ഞു. കേസിൽ എന്തുകൊണ്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഈ മാസം 14 മുതൽ വിശ്വാസ സംരക്ഷണ സമരം തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വരുന്ന 100 ദിവസം വിശ്വാസ സംരക്ഷണം ചർച്ച ചെയ്യും. ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി നടത്തും. എൻഡിഎയുടെ നതൃത്വത്തിലുള്ള പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ആദ്യം മുതൽ സിപിഐഎം- കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടന്നു. വലിയ രാഷ്ട്രീയക്കാർ സ്വർണക്കൊള്ളയ്ക്ക് പിന്നിലുണ്ട്. സിപിഐഎം- കോൺഗ്രസ് കുറുവ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എസ്‌ഐടിയിൽ വിശ്വാസമില്ല. മന്ത്രിയെ ചോദ്യം ചെയ്ത ശേഷം വെറുതെ വിടുകയല്ല വേണ്ടത്. കൊള്ളയ്ക്ക് പിന്നിൽ ആരുടെ ഗൂഢാലോചന എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പിന് മുൻപും ശേഷം രണ്ട് നിലപാടാണ് സർക്കാരിന്. സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം. തെറ്റ് ചെയ്തവരെ പിടിക്കാൻ കേന്ദ്ര ഏജൻസി വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിക്കും സോണിയഗാന്ധിക്കും ഒപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം രാജീവ് ചന്ദ്രശേഖർ ഉയർത്തിക്കാട്ടി.
കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം പറഞ്ഞത് കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും പേരുകളാണെന്നും എല്ലാവിധ തെളിവുകളുമുണ്ടായിട്ടും ഇരുവരെയും അറസ്റ്റ് ചെയ്തില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. തന്ത്രി എല്ലാ വസ്തുക്കളുടെയും സംരക്ഷകനല്ല. ആചാര ലംഘനം നടത്തിയതിന് കേസെടുത്താൽ ആദ്യം മുഖ്യമന്ത്രി പിണറായിക്കെതിരെ വേണം കേസെടുക്കാൻ. പിണറായി പലതവണ ആചാര ലംഘനം നടത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ല. ആചാരങ്ങളുടെ കാര്യം മാത്രമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാനുള്ള ശ്രമമെന്നാണ് സംശയിക്കുന്നത്. ആർക്ക് വേണ്ടിയും വക്കാലത്തിനില്ലെന്നും കടകംപള്ളിക്കും പ്രശാന്തിനും എല്ലാം അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസിനെതിരെ കടന്നാക്രമിച്ച കെ സുരേന്ദ്രൻ, നേതാവ് സോണിയ ഗാന്ധിയുടെ സഹോദരിക്ക് വിഗ്രഹക്കച്ചവടം നടത്തുന്ന സ്ഥാപനമുണ്ടെന്നും വിദേശത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. അത് എവിടെ വേണമെങ്കിലും തെളിയിക്കാൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം എസ്‌ഐടി നടത്തുന്നില്ല. കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശിനെയും ആന്‍റോ ആന്റണിയെയും ചോദ്യം ചെയ്യുന്നില്ല. സോണിയയുടെ മൊഴിയെടുക്കാൻ എസ്‌ഐടിക്ക് തോന്നുന്നത് പോലുമില്ല. സോണിയക്ക് ഒരു നോട്ടീസ് എങ്കിലും അയക്കട്ടെ. നിഷ്പക്ഷ അന്വേഷണമല്ല നടക്കുന്നത്. പിണറായി കള്ളക്കളി നടത്തുകയാണ്.
ഹൈക്കോടതിയെ പോലും എല്ലാം എസ്ഐടി കാര്യങ്ങൾ അറിയിക്കുന്നില്ല. സത്യം തെളിഞ്ഞാൽ നേതാക്കൾ കുടുങ്ങുമെന്നത് യാഥാർഥ്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു കച്ചവടമാണ് നടന്നതെന്ന് എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള സമരത്തിൽ എൻഡിഎ ഒറ്റക്കെട്ടാണ്. ശക്തമായ സമരവുമായി എൻഡിഎ മുന്നോട്ടുപോകുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ തന്ത്രിയുടെ വീട്ടിൽ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി സന്ദർശിച്ചത് സാധാരണ കാര്യമാണെന്നും അദ്ദേഹത്തിന്റെ ജില്ലയായതിനാലാണ് തന്ത്രിയുടെ വീട്ടിൽ പോയതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.















































































