കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ: പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ അവ സഹായിക്കുന്നു. ലാക്ടോസ് അസഹിഷ്‌ണുത ഉള്ളവർക്ക്, എള്ള്, ബദാം എന്നിവ നല്ലൊരു ബദലാണ്. ഇവയോ പാലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി നിങ്ങൾക്ക് നല്ല അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ: അസ്ഥികളുടെ രൂപീകരണത്തിന് മഗ്നീഷ്യം നിർണായകമാണ്. ചീര, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ അസ്ഥികൾ നിലനിർത്താൻ സഹായിക്കും. ഇടവിട്ടുള്ള ദിവസങ്ങളിൽ എങ്കിലും ഇവ കഴിക്കാൻ ശ്രമിക്കണം.
വിറ്റാമിൻ ഡി: എല്ലാവർക്കും അറിയാവുന്നത് പോലെ വിറ്റാമിൻ ഡി ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. സൂര്യപ്രകാശം പ്രകൃതിദത്തമായ ഒരു ഉറവിടമാണ്, എന്നാൽ പോഷകസമൃദ്ധമായ ധാന്യങ്ങൾ, കൂൺ പോലുള്ള ഭക്ഷണങ്ങളും ഈ പോഷകം നൽകുന്നു. പതിവായി സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കും.
പ്രോട്ടീൻ: പലർക്കും അറിയില്ലെങ്കിലും അസ്ഥികളുടെ നന്നാക്കലിനും വളർച്ചയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. ഇന്ത്യൻ പാചകരീതിയിൽ പയറും കടലയും പ്രോട്ടീൻ സമ്പുഷ്‌ടമായ ഓപ്ഷനുകളാണ്. അവ പേശികളുടെ അളവ് നിലനിർത്തുന്നു, ഇത് അസ്ഥികളെ സംരക്ഷിക്കുന്നു. അതിനാൽ ഇവ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ: സാധാരണയായി ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കുകയും അസ്ഥികളുടെ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചണവിത്തുകളും വാൽനട്ടും ഒമേഗ-3 യുടെ നല്ല ഉറവിടങ്ങളാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നിങ്ങളുടെ അസ്ഥികൾക്ക് ഗുണം ചെയ്യും.