ദില്ലി: കോലാപുരി ചെരുപ്പുകളെ കുറിച്ച് പഠിക്കുന്നതിന് ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡയുടെ പ്രതിനിധികൾ ഇന്ത്യയിലെത്തി. കോലാപുരി പാദരക്ഷാ കരകൗശല വിദഗ്ധരുമായി പ്രാഡയുടെ ടീം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. പരമ്പരാഗത ഇന്ത്യൻ പാദരക്ഷയായ കോലാപുരി ചെരുപ്പിന്റെ ഡിസൈൻ തങ്ങളുടെ പുതിയ ശേഖരത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പ്രാഡ കടുത്ത വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെയാണ് ഇന്ത്യൻ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
മിലാനിൽ നടന്ന ഫാഷൻ ഷോയിൽ സ്പ്രിംഗ്, സമ്മർ വസ്ത്ര ശേഖരത്തിൽ പ്രദർശിപ്പിച്ച ചെരുപ്പുകൾ ഇന്ത്യയിലെ മഹാരാഷ്ട്രയിലെയും കർണാടകയിലെയും പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളായ കോലാപുരിയോട് വളരെയധികം സാമ്യമുള്ളതായിരുന്നു. എന്നാൽ ഇന്ത്യയെയോ കോലാപുരിയോയോ പ്രാഡ എവിടെയും പരാമർശിക്കുക കൂടി ചെയ്തില്ല എന്നുവന്നതോടെ പ്രാഡയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇതോടെ ഈ ചെരുപ്പകൾ പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രാഡ സമ്മതിച്ചു. അതേസമയം, പ്രാഡക്കെതിരെ നിയമനടപടിക്ക് മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് പ്രാഡയുടെ ടീം ഇന്ത്യ സന്ദർശിച്ചത്.
പ്രാദേശിക കരകൗശല യൂണിറ്റുകളിൽ നിന്നും പ്രാഡ വലിയ ഓർഡറുകൾ എടുക്കാൻ പോകുന്നതായും റിപ്പോർട്ടുകളുണ്ട്. കോലാപ്പൂരി ചെരിപ്പുകൾക്ക് മാത്രമല്ല, വെള്ളിക്കും കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾക്കും പ്രാഡ വിപണി ഒരുക്കുന്നുണ്ടെന്നും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെടുന്നായി അറിയിച്ചെന്നും കോലാപ്പൂർ ഫുട്‌വെയർ അസോസിയേഷൻ ഡയറക്ടർ പ്രസാദ് ഭോപ്പാൽ ഷാട്ടെ പറഞ്ഞു. കോലാപുരി ചെരുപ്പുകൾ നിർമ്മിക്കാനുപയോഗിക്കുന്ന യന്ത്രങ്ങൾ പ്രാഡയുടെ സംഘം കണ്ടെന്നും ചെരുപ്പുണ്ടാക്കുന്നതിൽ 20 ശതമാനം മാത്രമേ യന്ത്രങ്ങൾ ഉപയോഗിക്കുന്നുള്ളൂ, ബാക്കി 80 ശതമാനം പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. എന്നറിഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടുവെന്നും പ്രസാദ് ഭോപ്പാൽ ഷാട്ടെ പറഞ്ഞു.