കൊച്ചി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻ്റെ ബന്ധുക്കൾ സമീപിച്ചത് . നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിർജീവമായത്.യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നൽകിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
