തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിൻ്റെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞുവീണു. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. മെയ് 24 മുതല്‍ പെയ്ത കാറ്റിലും മഴയിലും 534 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജില്ലയില്‍ മഴയ്ക്ക് ഭാഗിക ശമനം. ഇടുക്കിയിലും തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഖനനം, തോട്ടം മേഖലയിലെ ജോലികള്‍ എന്നിവയ്ക്ക് നിരോധനം തുടരുന്നു. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത് തുടരുകയാണ്.
കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ ശക്തമായ കാറ്റ് വീശി. പലയിടങ്ങളിലും മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല. അടുക്കത്ത് നീളംപാറ കമലയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് കട്ടിപ്പാറയില്‍ ഇന്നലെ കല്ലിടിഞ്ഞ് വീണ മണ്ണാത്തിയേറ്റ് മലയില്‍ ജാഗ്രത തുടരുകയാണ്.
കണ്ണൂരിൽ ശക്തമായ മഴ തുടരുന്നു. ആറളം കക്കുവാപുഴയിലും ബാവലിപ്പുഴയിലും കുത്തൊഴുക്ക് ശക്തമായതോടെ പുനരധിവാസ മേഖലയിൽ വെള്ളം കയറി. ബ്ലോക്ക് 13, 11 എന്നിവിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. അമ്പതോളം കുടുംബങ്ങളെയാണ് ഇന്നലെ രാത്രി നാട്ടുകാർ മാറ്റിയത്. മാകൂട്ടം ചുരത്തിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയതിനുശേഷം ആണ് ഗതാഗതം പുന:സ്ഥാപിച്ചത്. നീരൊഴുക്ക് ശക്തമായതിനെ തുടർന്നു പഴശ്ശി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തി. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ മഴയുടെ ശക്തി കുറഞ്ഞു, പമ്പ അച്ഛൻകോവിൽ കക്കാട് നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു. കക്കി ആനത്തോട് ഡാമിൽ ജലനിരപ്പ് നീല മുന്നറിയിപ്പ് നിലയായ 973.36 മീറ്ററിൽ എത്തി. പമ്പ , കക്കാട് നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മക്കിമലയിൽ കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് സംശയം. പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകൾക്കും, മതപഠന ക്ലാസുകൾക്കും, സ്പെഷ്യൽ ക്ലാസുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ ഉയർത്തും. ഷട്ടറുകൾ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.