കൊച്ചി: കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പരീക്ഷണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം.
ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികളടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്. പദ്ധതിയുടെ ഭാഗമായി, മത്സ്യകർഷകരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മത്സ്യ കർഷക ഉൽപാദക സംഘടനകൾ (എഫ്‌എഫ്‌പിഒകൾ) രൂപീകരിക്കും.
പൈലറ്റ് പ്രോജക്ടിന് കീഴിൽ, മത്സ്യകൃഷിയിലും മറ്റ് അനുബന്ധ രീതികളിലും കർഷകർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിന് പരിശീലനം നൽകും. കൃഷിക്ക് പുറമെ, മത്സ്യസംസ്കരണം, പാക്കിങ്, വിപണനം എന്നിവയിൽ സംരംഭകരാകാൻ സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.
അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസരിച്ച് ശുദ്ധജലത്തിലും ഓരു ജലാശയത്തിലും പ്രത്യേകമായാണ് പദ്ധതികൾ. ഐസിഎആർ ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ) എന്നിവയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക. വിദഗ്ധരുടെ മേൽനോട്ടത്തിൽ കർഷകരെ പങ്കാളികളാക്കിയാണ് കൃഷിരീതികൾ പ്രചരിപ്പിക്കുക. പദ്ധതിയുടെ വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കുമെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ ഡോ. മുഹമ്മദ് കോയ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇമെൽഡ ജോസഫ്, ഐസിഎആറിന് കീഴിലുള്ള വിവിധ ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികൾ, കെവികെകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.