തൃശ്ശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് വേറിട്ട സമരവുമായി രംഗത്ത്.
തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ ഓണദിനത്തിൽ 'കൊലച്ചോറ് സമരം' നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
മർദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മുഖംമൂടി ധരിച്ചെത്തിയായിരുന്നു സമരം.
2023 ഏപ്രിൽ 5-നാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദനമേറ്റത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് സുജിത്തിന് നേരെ ആക്രമണമുണ്ടായത്.
രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവം ഒതുക്കിത്തീർക്കാൻ പോലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നതായി സുജിത്ത് വെളിപ്പെടുത്തിയിരുന്നു. അന്ന് പോലീസുകാരനായിരുന്ന സുഹൈർ എന്ന ഉദ്യോഗസ്ഥനും തന്നെ മർദിച്ചുവെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറഞ്ഞു.
മർദിച്ച പോലീസുകാർക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ലോക്കപ്പ് മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയത്. ഐപിസി 323 പ്രകാരം 'കൈകൊണ്ട് അടിച്ചു' എന്ന വകുപ്പ് മാത്രമാണ് ചുമത്തിയത്. ഇതിന് ഒരു വർഷം വരെ തടവ് ശിക്ഷ മാത്രമേ ലഭിക്കൂ.
അതേസമയം, നാല് പോലീസുകാരുടെയും മൂന്ന് വർഷത്തേക്കുള്ള സ്ഥാനക്കയറ്റവും രണ്ട് വർഷത്തേക്കുള്ള ഇൻക്രിമെന്റും തടഞ്ഞതിനാൽ ഇനി മറ്റൊരു വകുപ്പുതല നടപടി സാധ്യമല്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
തുടർനടപടികൾ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും പോലീസ് അറിയിച്ചു. എന്നാൽ, മർദിച്ച അഞ്ച് പേർക്കെതിരെയും കർശന നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.