നാളെ മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണം,രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന് മുന്നിലുണ്ട്.
സ്വപ്നയുടേത് പഴയ ആരോപണങ്ങളാണെന്ന് പറഞ്ഞ് സഭയ്ക്കുള്ളില്‍ പ്രതിരോധം തീര്‍ക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ വന്‍ ഊര്‍ജ്ജവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത്. സിറ്റിംങ് സീറ്റ് നിലനിര്‍ത്തിയതെങ്കിലും തുടരെ തോല്‍വികള്‍ക്കിടയില്‍ കിട്ടിയ വമ്ബന്‍ വിജയം പ്രതിപക്ഷത്തിന്‍റെ ഊര്‍ജ്ജം ഇരട്ടിയാക്കിയിട്ടുണ്ട്. അത് കുടാതെയാണ് ബോണസായി കിട്ടിയ സ്വപ്നയുടെ ആരോപണവും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമണവും. മൂന്നും കൂടി ആയപ്പോള്‍ സര്‍ക്കാര്‍ ആകെ പ്രതിരോധത്തിലാണ്.
നാളെ തുടങ്ങുന്ന സഭ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഈ പ്രതിസന്ധി മുതലെടുത്ത് ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതുവരെ മുഖ്യമന്ത്രിക്കെതിരെ പുറത്ത് നടത്തിയിരുന്ന പ്രതിഷേധം സഭക്കുള്ളിലും കത്തിപ്പടരും. ആദ്യദിവസങ്ങളില്‍ തന്നെ അടിയന്തിര പ്രമേയമായി ഈ വിഷയങ്ങള്‍ കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്‍റെ ആലോചന. ബഫര്‍ സോണ്‍ വിഷയത്തിലെ മന്ത്രിസഭ തീരുമാനത്തിനും സര്‍ക്കാരിന് മറുപടി പറയേണ്ടിവരും.
എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ പഴയതാണെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. രാഹുല്‍ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് അടക്കം പ്രതിരോധത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കും. തൃക്കാക്കര തോല്‍വിക്ക് ശേഷം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി സഭയക്കുള്ളില്‍ മൗനം വെടിയാന്‍ സാധ്യതയുണ്ട്.
വിമാനത്തിലെ പ്രതിഷേധവും പ്രതിപക്ഷത്തെ നേരിടാനുള്ള ആയുധമായി ഉപയോഗിക്കും. നിയമസഭ സമുച്ചയത്തില്‍ അനിത എത്തിയത് പ്രതിപക്ഷം ഉപയോഗിച്ചാല്‍ ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നത് ഉപയോഗിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.












































































