ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.
മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളില്‍ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തില്‍ പുണ്യസ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍.
സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരകള്‍ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു.
ശ്രീ പഞ്ചായതി അഖാര മഹാനിർവാണിയും ശ്രീ ശംഭു പഞ്ചായതി അടല്‍ അഖാരയും ആദ്യ അമൃത് സ്നാനത്തില്‍ പങ്കെടുത്തു. രണ്ട് അഖാരകളും രാവിലെ 5.15 ന് ക്യാമ്ബില്‍ നിന്ന് പുറപ്പെട്ട് 6.15ന് ഘട്ടിലെത്തിച്ചേർന്നു. 40 മിനിറ്റായിരുന്നു ഇവർക്ക് അനുവദിച്ച സമയം. തുടർന്ന് 6.55ന് ഘട്ടില്‍ നിന്ന് പുറപ്പെട്ട് 7.55ന് ക്യാമ്ബിലേക്ക് മടങ്ങി.
മൂന്നാമത്തെ സംഘത്തില്‍ മൂന്ന് സന്യാസി അഖാരകളാണുണ്ടായിരുത്. ശ്രീ പഞ്ചദഷ്‌നം ജുന അഖാര, ശ്രീ പഞ്ചദഷ്‌നം ആവാഹൻ അഖാര, ശ്രീ പഞ്ചാഗ്നി അഖാര എന്നിവരാണവർ. ഈ അഖാരകള്‍ രാവിലെ 7.00 മണിക്ക് ക്യാമ്ബില്‍ നിന്ന് പുറപ്പെട്ട് 8:00 മണിക്ക് ഘട്ടിലെത്തി സ്നാനം നടത്തി.
12 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും തീർത്ഥാടകരെ സഹായിക്കുന്നതിനും സർവ്വ സന്നാഹങ്ങളും യുപി സർക്കാർ ഒരുക്കിയിട്ടുണ്ട്.












































































