വാഷിങ്ടൺ: യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എട്ടുപേരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് വിമാനം തകർന്ന് വീണത്. 'ബോംബാർഡിയർ ചലഞ്ചർ 600' ശ്രേണിയിൽപ്പെട്ട വിമാനമാണ് തകർന്നത്.
അപകടത്തിൽ വിമാനം തകർന്ന വീണ് തീപിടിക്കുകയായിരുന്നു. സംഭവസമയത്ത് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നതായാണ് വിവരം. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു.














































































