റേഷൻ കാർഡ് ഉടമകള്‍ക്ക് മുൻഗണനേതര വിഭാഗ ത്തില്‍നിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോള്‍ഡ് കാള്‍ഡ്) ലേക്ക് മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 13 വരെ സമയം.
വെള്ള, നീല റേഷൻ കാർഡ് ഉടമകളില്‍ യോഗ്യരായ നിശ്ചിത എണ്ണം ഉടമകള്‍ക്ക് മുൻഗണനാ കാർഡായ പിങ്ക് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവർ, പരമ്പരാഗത അസംഘടിത തൊഴിലാളി കുടുംബങ്ങള്‍, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എയ്‌ഡ്‌സ് രോഗികള്‍, കാൻസർ ബാധിതർ, ഗുരുതര ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവർ, ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവരുള്ള കുടുംബം, ആശ്രയ പദ്ധതിയിലെ അംഗങ്ങള്‍, നിർധന സ്ത്രീകള്‍ കുടുംബനാഥയായ കുടുംബങ്ങള്‍, വിധവ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാം.
വരുമാനം പ്രതിമാസം 25,000 രൂപയില്‍ കൂടാൻ പാടില്ല. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ ഉള്ള വീട്, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ യോഗ്യതയില്ല. എല്ലാ മാസവും മുൻഗണനാ റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ, സൗജന്യ റേഷൻ ഭക്ഷ്യധാന്യം, സർക്കാർ ആശുപത്രികളില്‍ സൗജന്യ ചികിത്സ, സർക്കാർ സേവനങ്ങള്‍ക്കും മത്സര പരീക്ഷകള്‍ക്കും ചില ഫീസ് ഇളവുകള്‍ തുടങ്ങിയവ മുൻഗണനാ റേഷൻ കാർഡ് ഉടമകള്‍ക്ക് ലഭിക്കും. ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ പക്കല്‍നിന്നുള്ള വരുമാന സാക്ഷ്യപത്രം, ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഗുരുതര രോഗം ബാധിച്ചവർ മെഡിക്കല്‍ സർട്ടിഫിക്കറ്റ്, വിധവകള്‍ വിധവാ സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civil-supplieskerala.gov.in എന്ന വെബ്സൈറ്റില്‍ സിറ്റിസണ്‍ലോഗിനില്‍ യൂസർ അക്കൗണ്ട് സൃഷ്‌ടിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി:13.














































































