കണ്ണൂർ: എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നതെന്നും ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം എ ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തുപോകരുത്. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും എംഎ ബേബി പ്രതികരിച്ചു. കണക്കുകളിൽ വീഴ്ച്ച ഉണ്ടായാൽ പാർട്ടി നടപടി എടുക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെ കുറിച്ചുള്ള ആക്ഷേപം തെറ്റാണെന്നുമായിരുന്നു പ്രതികരണം.
എസ്ഡിപിഐ, ആർഎസ്എസ് ഉൾപ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിവിധ മാധ്യമങ്ങളോട് പറഞ്ഞത്.
ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിന്റെ പേരുകളാണ്. അവരൊന്നും പലതല്ല ഒന്നാണ്. മതങ്ങളെയും വിശ്വാസികളെയും മാനിക്കും പക്ഷേ മതഭ്രാന്തനോട് സന്ധിയില്ലെന്നും ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.














































































