റിയാദ്: പശ്ചിമേഷ്യയില്‍ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഇരമ്പുന്നു.
മേഖലയിലെ സമാധാനം തകർക്കുന്ന രീതിയില്‍ സായുധ സംഘങ്ങള്‍ക്ക് ആയുധവും ഫണ്ടും നല്‍കുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റിഫൈനറികള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയല്‍ സിറ്റിയില്‍ ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങള്‍ ഇറാനുമായി നേരിട്ട് ചർച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ഊർജ്ജിതമാക്കി. നിലവില്‍ 21 ഇന്ത്യൻ കപ്പലുകള്‍ ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിലായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ നല്‍കിയ മരുന്നുകള്‍ക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറിയ മരുന്നുകള്‍ അതിർത്തി രാജ്യങ്ങള്‍ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് തീരുമാനം. എല്‍പിജി ഉല്‍പ്പാദനം വർദ്ധിപ്പിച്ചു: യുദ്ധസാഹചര്യത്തില്‍ ഇന്ധനക്ഷാമം ഒഴിവാക്കാൻ രാജ്യത്തെ എല്‍പിജി ഉല്‍പ്പാദനം കേന്ദ്രസർക്കാർ 40 ശതമാനമായി ഉയർത്തി. നേരത്തെ കുടുങ്ങിക്കിടന്ന രണ്ട് എല്‍പിജി ടാങ്കറുകള്‍ക്ക് കടന്നുപോകാൻ ഇറാൻ അനുമതി നല്‍കിയിരുന്നു.













































































