റിസര്‍വ് ബാങ്ക് ലെയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. റിസര്‍വ് ബാങ്കിന്റെ ഉന്നത നേതൃത്വത്തിനും വിവിധ സര്‍ക്കാര്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കും ഇടയില്‍ പ്രധാന ആശയവിനിമയ കണ്ണികളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തുക എന്നതാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് കൊണ്ട് ആര്‍ബിഐ ലക്ഷ്യമിടുന്നത്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പോസ്റ്റ്, കൊറിയര്‍ അല്ലെങ്കില്‍ ഹാന്‍ഡ് ഡെലിവറി വഴി മുംബൈയിലെ ആര്‍ബിഐ സര്‍വീസസ് ബോര്‍ഡില്‍ സമര്‍പ്പിക്കണം. കൂടാതെ അപേക്ഷയുടെ സോഫ്റ്റ് കോപ്പി, എല്ലാ അനുബന്ധ രേഖകളും സഹിതം documentrbisb@rbi.org.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 വൈകുന്നേരം 6 മണി വരെ ആണ്.
നിലവില്‍ നാല് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. നേപ്പാള്‍, ഭൂട്ടാന്‍, ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ (1962 ജനുവരി 1 ന് മുമ്പ് ഇന്ത്യയിലേക്ക് വന്നവര്‍), നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ എന്നിവര്‍ക്കും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യരാണ്. അപേക്ഷകരുടെ പ്രായപരിധി 2025 ജൂലൈ 1 ന് 50 നും 63 നും ഇടയില്‍ ആയിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ബിരുദം നിര്‍ബന്ധമാണ്. ഒരു പൊതുമേഖലാ ബാങ്കിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലോ ലെയ്സണ്‍ അല്ലെങ്കില്‍ പ്രോട്ടോക്കോള്‍ ചുമതലകളില്‍ മുന്‍ പരിചയം ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.
ആര്‍ബിഐയിലെ ഉന്നത മാനേജ്മെന്റിനുള്ള ഏക കോണ്‍ടാക്റ്റ് പോയിന്റായി പ്രവര്‍ത്തിക്കുക, നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പ്രോട്ടോക്കോള്‍ ചുമതലകള്‍ കൈകാര്യം ചെയ്യുകയും ബാഹ്യ ഇടപെടലുകളുമായി ബാങ്കിന്റെ നേതൃത്വത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നിവയാണ് ലെയ്‌സണ്‍ ഓഫീസറുടെ ഉത്തരവാദിത്തം.
പ്രാരംഭ കരാര്‍ കാലാവധി 3 വര്‍ഷമാണ്. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇത് 5 വര്‍ഷം വരെ നീട്ടാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിമാസ ശമ്പളം അനുഭവവും സ്ഥലവും അനുസരിച്ച് (ഭവന ചെലവുകള്‍ ഉള്‍പ്പെടെ) 1,64,800 രൂപ മുതല്‍ 2,73,500 രൂപ വരെയായിരിക്കും. യാത്രാ, ഭവന അലവന്‍സുകള്‍, മൊബൈല്‍ ഫോണ്‍ സൗകര്യം, സോഡെക്‌സോ ഭക്ഷണ കാര്‍ഡ് എന്നിവയും ലഭിക്കും.
പ്രാഥമിക സ്‌ക്രീനിംഗ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.