മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആകാശമധ്യേ യാത്രക്കാരും ജീവനക്കാരും കുഴഞ്ഞു വീണതായി റിപ്പോര്‍ട്ട്. വിമാനത്തിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കപ്പെടുന്നത്. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിലും അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ഇന്നലെ ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടത്. ആദ്യം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനും ആണ് തലകറക്കവും ചര്‍ദ്ദിലും അനുഭവപ്പെട്ടതെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
വിമാനം 35000 അടി മുകളില്‍ പറക്കുമ്പോഴാണ് യാത്രക്കാര്‍ക്ക് തലകറക്കം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായത്. രോഗകാരണത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്.
വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ വിതരണം മോശമായാലും ഛര്‍ദ്ദിലിനും തലകറക്കത്തിനും കാരണമാകും.
മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ കുഴഞ്ഞു വീണവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.
അസ്വസ്ഥതകള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ട രണ്ട് യാത്രക്കാരെയും രണ്ട് ക്യാബിന്‍ ക്രൂവിനെയും കൂടുതല്‍ പരിശോധനയ്ക്കായി എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി.