കേരളത്തിന് 48 സീ പ്ലെയിൻ റൂട്ടുകള്‍ അനുവദിച്ചെന്ന സന്തോഷവാർത്ത പങ്കുവെച്ച് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്ന് കേരളത്തിന് ലഭിച്ച 48 റൂട്ടുകള്‍ India One Air, MEHAIR, PHL, SpiceJet തുടങ്ങിയ എയർലൈൻസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സീ പ്ലെയിൻ സർവീസുകള്‍ ആരംഭിക്കുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സീ പ്ലെയിൻ പദ്ധതിക്കായി എല്‍ഡിഎഫ് സർക്കാർ ബജറ്റില്‍ പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ടെന്നും, ഡാമുകളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും സീ പ്ലെയിൻ സർവീസ് യാഥാർത്ഥ്യമാക്കാൻ സർക്കാർ എല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് മുന്നോട്ട് പോകുമെന്നും റിയാസ് വ്യക്തമാക്കി.
വെള്ളത്തിലൂടെ ബോട്ട് പോലെയും കരയിലൂടെ വിമാനം പോലെയും പറക്കുന്ന സീ പ്ലൈയിനുകള്‍ക്ക് ജലാശയങ്ങളില്‍ നിന്ന് പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കും. സാങ്കേതിക സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഫ്ലോട്ട് പ്ലെയിനുകള്‍, ഫ്ലൈയിംഗ് ബോട്ട്സ് എന്നിങ്ങനെ വിമാനത്തെ രണ്ടായി തിരിക്കുന്നു. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1500 അടിവരെ ഉയരത്തില്‍ പറക്കും, മണിക്കൂറില്‍ 150 കിലോ മീറ്റർ ശരാശരി വേഗതയില്‍ 130 നോട്ട്‌സ് മുതല്‍ 135 നോട്ട് വരെ വെള്ളത്തിലൂടെ നീങ്ങാനും സാധിക്കും.
ടൂറിസം രംഗത്തിനോടൊപ്പം തന്നെ സാധാരണ യാത്രക്കാരേയും പദ്ധതിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടികളും സർക്കാറിന്റെ പരിഗണനയിലുണ്ട്. ഒമ്പത് പേർക്കാണ് സീ പ്ലെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ടിക്കറ്റിനായി ഒരാള്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ മുടക്കേണ്ടി വരുമെങ്കിലും കൂടുതല്‍ റൂട്ടുകള്‍ ലഭിച്ചതിനാല്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധിക്കും.
സീ പ്ലെയിന്‍ പറത്താന്‍ വിദേശ പൈലറ്റുമാരെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ഇവർക്ക് വളരെ ഉയർന്ന ശമ്പളം നല്‍കേണ്ടത് സർവ്വീസിന്റെ ചിലവ് വളരെ അധികം ഉയർത്തുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപ മുതലാണ് ഇവരുടെ ശമ്പളം. തദ്ദേശ പൈലറ്റുമാർക്ക് പരിശീലനം നല്‍കി അവരെ ഈ രംഗത്തേക്ക് ഇറക്കുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം. ഇതിനുള്ള നീക്കവും കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.
വ്യോമയാന കമ്പനികള്‍ക്ക് പുറമെ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി നിരവധി വന്‍കിട കമ്പനികളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ചന്ദ്രഗിരിപ്പുഴ, കോവളം എന്നിവിടങ്ങളിലേക്കും സീ പ്ലെയിന്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സർക്കാറിന് പദ്ധതിയിട്ടുണ്ടെങ്കിലും തുടക്കത്തില്‍ കൊച്ചിയും ഡാമുകള്‍ കേന്ദ്രീകരിച്ചും മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.












































































