കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും വെടിവെപ്പ്. രാംചപ് ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവില്‍ നേപ്പാളില്‍ പ്രക്ഷോഭം തുടങ്ങിയത് മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയര്‍ന്നു.
തടവുകാര്‍ നിരവധി ലോക്കുകള്‍ തകര്‍ത്തെന്നും പ്രധാന ഗേറ്റ് തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് സേന വെടിവെച്ചതെന്ന് മുഖ്യ ജില്ലാ ഓഫീസര്‍ ശ്യാം കഷ്ണ താപ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ ഇതുവരെ 25 ജയിലുകളിലായി 15,000 തടവുകാരാണ് രക്ഷപ്പെട്ടത്. നേപ്പാളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജയില്‍ച്ചാട്ടമാണിത്. ഇതില്‍ വളരെ കുറച്ച് പേര്‍ മാത്രമേ തിരികെ വരികയോ സൈന്യത്തിന് പിടികൂടാനോ സാധിച്ചിട്ടുള്ളു.
അതേസമയം ഇടക്കാല സര്‍ക്കാരിന് വേണ്ടി ജെന്‍ സിയുമായി ഇന്നും സൈന്യം ചര്‍ച്ച നടത്തും. നിലവില്‍ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്രഷാ, മുന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സിഇഒ കുല്‍മാന്‍ ഘിസിങ് എന്നിവരുടെ പേരാണ് അടുത്ത ഭരണാധികാരിയായി ഉയരുന്നത്. ഇതിനിടെ കാഠ്മണ്ഡു, ലളിത്പുര്‍, ഭക്തപുര്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ നേപ്പാള്‍ സൈന്യം നീട്ടിയിട്ടുണ്ട്. നാളെ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് നേപ്പാളില്‍ പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേഭത്തിന് പിന്നിലുണ്ട്. 'You Stole Our Dreams , Youth Against Corruption' എന്നിങ്ങനെയാണ് നേപ്പാളില്‍ നിന്നുയരുന്ന മുദ്രാവാക്യങ്ങള്‍.
പ്രക്ഷോഭം കനത്തപ്പോള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലിനും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കും രാജിവെക്കേണ്ടി വന്നു. ഇതിന് പിന്നാലെ നേപ്പാള്‍ സൈന്യം നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു.