നിലമ്പൂരില്‍ മികച്ച രീതിയില്‍ വോട്ട് പിടിച്ച പിവി അന്‍വറിനെ കൂടെ ചേര്‍ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇനിയും ചര്‍ച്ച നടന്നേക്കും. കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ഇത് സംബന്ധിച്ച് സൂചന നല്കി. അന്‍വര്‍ യുഡിഎഫിന് കൂടെ നിന്നിരുന്നെങ്കില്‍ നന്നായേനെ എന്ന് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്‍വര്‍ 10000ത്തില്‍ അധികം വോട്ട് നേടിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്‍വറിനെ ഇനി കൂടെ ചേര്‍ക്കുമോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അന്‍വര്‍ 15000-20000 ത്തിന് അടുത്ത് വോട്ട് പിടിച്ചേക്കാം. ആരുടെ മുന്നിലും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി വിമര്‍ശിക്കുകയാണ് അദ്ദേഹം.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും പോലീസിന്റെ ആര്‍എസ്എസ് ചായ്വും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വിട്ട അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും യുഡിഎഫില്‍ അംഗമാകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഡി സതീശന്റെ എതിര്‍പ്പ് കാരണം യുഡിഎഫ് പ്രവേശനം നടന്നില്ലെന്ന് അന്‍വര്‍ സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടിയത്.