തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊന്‍കുന്നം പൊലീസ് കേസ് ഏറ്റെടുത്തു. തമ്പാനൂര്‍ പൊലീസ് ഇന്നലെയാണ് കേസ് പൊന്‍കുന്നം പൊലീസിന് കൈമാറിയത്. ആരോപണവിധേയനായ നിധീഷ് മുരളീധരനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കേസില്‍ പീഡനത്തിനുള്ള വകുപ്പാണ് പൊലീസ് ചുമത്തിയത്. ഐപിസി 337ാം വകുപ്പ് ചുമത്താന്‍ കഴിഞ്ഞ ദിവസം പൊലീസിന് നിയമപദേശം ലഭിച്ചിരുന്നു.
ഇയാള്‍ക്കെതിരെ ഐപിസി 337ഉം ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് നിയമോപദേശം നല്‍കിയത്. ബിഎന്‍എസ് 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു.
നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു.
പിന്നാലെ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ ബുധനാഴ്ച പുറത്തുവന്നപ്പോഴാണ് നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നതെന്നും തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നുവെന്നും വീഡിയോയില്‍ യുവാവ് പറഞ്ഞു.