ട്വന്റി 20 ക്രിക്കറ്റ് ലീഗുകളെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ബ്രയാൻ ലാറ. ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനായി താരങ്ങൾ കളിക്കുന്നത് ലോകത്തിലെ പല ട്വന്റി 20 ലീഗുകളിലും അവസരം ലഭിക്കാനാണെന്ന് ലാറ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ ഓൾഔട്ടായതിന് പിന്നാലെയാണ് ലാറയുടെ പ്രതികരണം.
'ഞങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചത് വെസ്റ്റ് ഇൻഡീസ് ടീമിൽ ഇടം ലഭിക്കാനായിരുന്നു. ഇപ്പോൾ താരങ്ങൾ വെസ്റ്റ് ഇൻഡീസ് ടീമിനെ ലോകമെമ്പാടുമുള്ള ട്വന്റി 20 ലീഗ് കോൺട്രാക്ടുകൾ ലഭിക്കാനായി ഉപയോഗിക്കുന്നു. അത് ഒരു താരത്തിന്റെ കുറ്റമല്ല.' ലാറ സ്റ്റിക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റിനോട് പറഞ്ഞു.
'ഇംഗ്ലണ്ട് മുൻ താരം ഡേവിഡ് ലോയിഡും ഇതേപരിപാടിയിൽ സമാനമായ പ്രസ്താവനയാണ് നടത്തിയത്. ക്രിക്കറ്റിലെ മൂന്ന് വലിയ രാജ്യങ്ങൾ പണം മുഴുവൻ സ്വന്തമാക്കുകയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ടീമുകൾക്കാണ് ഐസിസിയുടെ പിന്തുണ ലഭിക്കുന്നത്. ഈ ടീമുകളുടെ മത്സരങ്ങൾ സംപ്രേക്ഷണം നടക്കുന്നു. വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, ശ്രീലങ്ക ടീമുകൾക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ എന്തെങ്കിലും ചെയ്യണം,' ലോയിഡ് വ്യക്തമാക്കി.