ബെംഗളൂരു: കര്‍ണാകടയിലെ ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും വ്യക്തമാകുക.
ചിത്രദുര്‍ഗയിലെ ഗവണ്‍മെന്റ് വിമണ്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ഓഗസ്റ്റ് പതിനാലിന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാതികത്തി, നഗ്നമായ നിലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.