നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. കുറ്റകൃത്യത്തിലെ പ്രധാന പ്രതിയായ മനോജിത് മിശ്രയ്ക്കും കൂട്ടാളികളായ സായിബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർക്കും ഏറ്റവും ഉയർന്ന ശിക്ഷയല്ലാതെ മറ്റൊന്നും താൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ പെൺകുട്ടിയുടെ പിതാവ് തനിക്ക് കൊൽക്കത്ത പോലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം കുറ്റകൃത്യത്തിൽ തന്റെ മകന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവന് "ശക്തമായ ശിക്ഷ" നൽകണമെന്ന് പ്രതികളിൽ ഒരാളുടെ പിതാവും ആവശ്യപ്പെട്ട് എത്തിയിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടിയിട്ടുണ്ട്. ജൂൺ 26 ന് മൂവരെയും അറസ്റ്റ് ചെയ്ത് അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ആദ്യം പ്രധാനപ്രതികളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം കോളേജിലെ സുരക്ഷാ ജീവനക്കാരനായ പിനാകി ബാനർജിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.