തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി റാപ്പര്‍' എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക.
വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വരികളാണ് വേടന്റേതെന്നും മലയാളം റാപ്പില്‍ അദ്ദേഹം പ്രതിരോധത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമാണെന്നും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
തിരുമാലി എന്ന റാപ്പറെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. കേരളത്തിലെ തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതാണ് തിരുമാലിയുടെ റാപ്പെന്ന് പാഠപുസ്തകത്തില്‍ പറയുന്നു. വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വി സി ഡോ. രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെ വേടന്റെയും നടി ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ സിലബസില്‍ നിന്നും ഒഴിവാക്കാനായിരുന്നു വി സി നിയമിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബി എ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗൗരിയുടെ പാട്ട് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്.