വൈറ്റില മേല്‍പ്പാലം ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള സംഘം പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.
വൈറ്റില മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന് നേരത്തെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി വിദഗ്ധര്‍ പരിശോധന നടത്തിയത്. ഒരു ഗര്‍ഡറിനും പിയര്‍ ക്യാപ്പിനും സ്ലാബിനും കോണ്‍ക്രീറ്റിനും മതിയായ ഗുണനിലവാരമില്ലെന്നായിരുന്നു റിപോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ രണ്ട് ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നു.രാവിലെയെത്തിയ ഐ.ഐ.ടി സംഘം സ്ലാബും തൂണുമെല്ലാം വിശദമായി പരിശോധിച്ചു.
അതേസമയം പാലം നിര്‍മ്മാണത്തിലെ ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടി വേറെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നിര്‍മാണത്തിലെ അപാകതയെ കൂടാതെ ഉദ്യോസ്ഥരുടെ മേല്‍നോട്ടമില്ലാത്തത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ നേരത്തെ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥ തന്നെ മറ്റു രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി നല്‍കിയിരുന്നു. നിലവാര പരിശോധന ഫലങ്ങള്‍ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന് നല്‍കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവര്‍ ആവശ്യപ്പെട്ട നിലവാര പരിശോധനാ ഫലങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.