നിയമസഭാ സമ്മേളനം ജനുവരി മൂന്നാം വാരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാർ കഴിഞ്ഞ 55 വർഷത്തിനിടെ ആദ്യമായാണ് സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണയായി സർക്കാരിന്റെ അവസാന വർഷത്തിലെ ഇടക്കാല ബജറ്റില്‍ മേയ് മാസം പുതുതായി വരുന്ന സർക്കാർ മാറ്റം വരുത്തി പുതിയ ബജറ്റ് അവതരിപ്പിക്കാറുണ്ട്. ഇതിനാലാണ് മൂന്നു മാസത്തെ വരവ് ചെലവുകള്‍ക്ക് നിയമസാധുത ലഭിക്കാൻ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയാറുള്ളത്.
ജനുവരി മൂന്നാംവാരം ഗവർണർ ആർ.വി. അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്പൂർണ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അടുത്തിടെ അന്തരിച്ച സിറ്റിംഗ് അംഗം കാനത്തില്‍ ജമീലയ്ക്ക് ചരമോപചാരം അർപ്പിച്ചു സഭ പിരിയും. തൊട്ടടുത്ത മൂന്നു ദിവസങ്ങളില്‍ ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. തുടർന്നാകും ബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് ചർച്ചയ്ക്കു ശേഷം വകുപ്പുതിരിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. തുടർന്ന് രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ചേരേണ്ടതിനാല്‍ സഭയ്ക്ക് അവധി നല്‍കും. പിന്നീട് സഭ സമ്മേളിച്ച് 13 ദിവസത്തെ ഡിമാൻഡ് ചർച്ചകള്‍ക്കു ശേഷം സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചന. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തില്‍ തിരിച്ചുവരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സമ്പൂർണ ബജറ്റ് പാസാക്കുന്ന നടപടിയിലേക്കു പോകാൻ ആലോചിക്കുന്നത്.
മാർച്ച് 20നോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.















































































