സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച പാർലമെന്റില്‍ അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേർന്ന പാർലമെന്ററികാര്യ മന്ത്രിസഭാ സമിതി (CCPA) യോഗത്തിലാണ് പാർലമെന്റ് കലണ്ടറിന് അന്തിമ രൂപം നല്‍കിയത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ബജറ്റ് സമ്മേളനം ജനുവരി 28-ന് ആരംഭിക്കും. അന്നേദിവസം രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തൊട്ടടുത്ത ദിവസം, ജനുവരി 29-ന് സാമ്പത്തിക സർവേ പാർലമെന്റില്‍ വെക്കും. തുടർന്ന് ഫെബ്രുവരി 1-ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ, തുടർച്ചയായി ഒൻപത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന അപൂർവ്വ നേട്ടം നിർമല സീതാരാമൻ സ്വന്തമാക്കും. സ്വതന്ത്ര ഇന്ത്യയിലെ 88-ാമത് ബജറ്റാണിത്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡിന് (10 ബജറ്റുകള്‍) തൊട്ടരികിലെത്താനും ഇതോടെ നിർമലയ്ക്ക് സാധിക്കും. മൊറാർജി ദേശായി 1959-1964 കാലഘട്ടത്തില്‍ ആറും, 1967-1969 കാലഘട്ടത്തില്‍ നാലും ബജറ്റുകളാണ് അവതരിപ്പിച്ചത്. പി. ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
സാധാരണ പ്രവൃത്തി ദിവസങ്ങളിലാണ് ബജറ്റ് അവതരിപ്പിക്കാറുള്ളതെങ്കിലും, വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് മുൻപും സംഭവിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2015-ലും 2016-ലും ഫെബ്രുവരി 28 ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചിരുന്നു. നിർമല സീതാരാമൻ തന്നെ 2025-ലെ ബജറ്റ് അവതരിപ്പിച്ചത് ശനിയാഴ്ചയായിരുന്നു. എന്നാല്‍ ഞായറാഴ്ച ബജറ്റ് അവതരണം വരുന്നത് അപൂർവ്വമാണ്. 2017 മുതലാണ് ബജറ്റ് അവതരണ തീയതി ഫെബ്രുവരി അവസാനത്തില്‍ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് തന്നെ പദ്ധതികള്‍ നടപ്പിലാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ഈ മാറ്റം കൊണ്ടുവന്നത്.
ആഗോള തലത്തില്‍ സാമ്പത്തിക വെല്ലുവിളികളും താരിഫ് യുദ്ധങ്ങളും നിലനില്‍ക്കെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് (GDP) 7.4 ശതമാനമായി ഉയരുമെന്ന് സർക്കാർ പുറത്തുവിട്ട ആദ്യ മുൻകൂർ അനുമാനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇത് 6.5 ശതമാനമായിരുന്നു. ജനുവരി 7-ന് പുറത്തുവിട്ട ഈ കണക്കുകള്‍ ബജറ്റ് തയ്യാറാക്കുന്നതില്‍ നിർണ്ണായകമാകും.














































































