കട്ടിപ്പാറ: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തില്‍ മുളകുപൊടി വിതറി മോഷണം നടത്തിയ യുവതി അറസ്റ്റില്‍. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ സ്വർണമാലപൊട്ടിച്ചോടിയ അയല്‍ വീട്ടിലെ യുവതിയാണ് അറസ്റ്റിലായത്.
ചമല്‍ പൂവൻമല വാണയപുറായില്‍ വി.എസ്. ആതിര എന്ന ചിന്നു (26) നെയാണ് പൊലീസ് പിടികൂടിയത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ച് രണ്ടുപവന്‍ സ്വര്‍ണമാല പൊട്ടിച്ച് കവര്‍ന്നെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്കുതാമസിച്ചുവരുന്ന പുഷ്പവല്ലി വീടിന്‍റെ വരാന്തയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. മുഖത്തേക്ക് മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ശേഷം കഴുത്തിലെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പുഷ്പവല്ലിയുടെ ഒച്ച കേട്ട് അയല്‍വാസിയായ മറ്റൊരു യുവതി ഓടിയെത്തിയതോടെ മാലയുമായി ആതിര അടുക്കള വഴി ഓടുകയായിരുന്നു. കഴുത്തിനു പരുക്കേറ്റ പുഷ്പവല്ലി ആശുപത്രിയില്‍ ചികിത്സ തേടി.














































































