ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്. ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
'പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല', എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.