
കോട്ടയം ജില്ലയിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ മഴ തുടർന്നു. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്
ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ തുടരുന്നു. ഇവിടെ എട്ട് പേരെയാണ് കാണാതായത്.
കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കൂട്ടിക്കലിൽ 40 അംഗ സൈന്യം രക്ഷാപ്രവർത്തനത്തിനുണ്ട്. കൂട്ടിക്കലിനു പുറമേ മണിമലയും ഒറ്റപ്പെട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം.
മണിമലയിലേക്കുള്ള റോഡുകൾ വെള്ളം കയറിയ അവസ്ഥയിലാണ്.
പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ രാത്രി മുഴുവൻ മഴ തുടരുകയായിരുന്നു. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടാങ്ങൽ പ്രദേശം വെള്ളത്തിൽ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിലെത്തിയിട്ടുണ്ട്.
ആറന്മുള ചെങ്ങന്നൂർ റോഡ് വെള്ളത്തിനടിയിലാണ്.
തിരുവനന്തപുരത്തും കൊല്ലത്തും നിലവിൽ മഴയില്ല. അതേസമയം, തിരുവനന്തപുരത്ത് പൊന്മുടി, വിതുര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ നിന്ന് ആശങ്കപ്പെടേണ്ട സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ രാത്രി മഴ പെയ്തെങ്കിലും ഇപ്പോൾ ഇല്ല. അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂർ ഡിഎസ്‍സി സെന്‍ററിൽ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന ഉടൻ വയനാട്ടിലെത്തും. ജില്ലയിൽ ഇതുവരെ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ബാണസുര സാഗർ, കാരാപ്പുഴ ഡാമുകളിൽ അപകടകരമാം രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേപ്പാടി, പുത്തുമല, മുണ്ടക്കൈ, കുറിച്യാർമല, പൊഴുതന എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത. മഴ ശക്തമായാൽ ഇവിടെ നിന്ന് ആളുകളെ പൂർണമായി മാറ്റിപാർപ്പിക്കും. വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ മഴ തുടരുകയാണ്. കുട്ടനാട് വീയപുരം ജലനിരപ്പ് ഉയരുകയാണ്. നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെങ്ങന്നൂരിൽ മുളക്കുഴയും ഇടനാടും വെള്ളത്തിൽ മുങ്ങി. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
പാലക്കാടും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലും കാര്യമായ മഴയില്ല. കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാര്യമായി മഴയില്ല. വയനാട് റോഡിൽ ഈങ്ങാപ്പുഴയിൽ ഉണ്ടായിരുന്ന വെള്ളം താഴ്ന്നു. താമരശേരി ചുരത്തിലും പ്രശ്നങ്ങളില്ല. ജില്ലയിലെ മലയോര മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലാണ്. 11 കെവി ലൈനുകൾ അടക്കം വ്യാപകമായി തകർന്നെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൂട്ടിക്കലിൽ രക്ഷ പ്രവർത്തനത്തിന് 40 അംഗ സൈന്യമെത്തി.മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും . മന്ത്രിമാരായ വി.എൻ. വാസവൻ,കെ. രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.