പാലക്കാട്: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം നടത്തിയവരെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ എംപി. വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണം. മനപ്പൂര്‍വം ഗൂഡാലോചന നടത്തിയതാണോയെന്ന് അറിയില്ലല്ലോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗുരുതരമായ പിഴവ് നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ രാജി, പാര്‍ട്ടി തീരുമാനമാണ്. ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തു. രാഹുലിന് ജാഗ്രത കുറവുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കും. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ രാഹുല്‍ കുറ്റക്കാരനല്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെതിരെ പരാതിയുണ്ടോയെന്നും വി കെ ശ്രീകണ്ഠന്‍ ചോദിച്ചു. പരാതി കൊടുത്താല്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. അതേസമയം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നുവെന്ന് എംപിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രിമാരുടെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പടിയിറക്കത്തില്‍ എത്തിച്ചത്. പേര് പറയാതെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.