സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഐ.ടി. പാർക്ക് (വർക്ക് നിയർ ഹോം ) വരുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാകുന്ന ഒരു ഐ.ടി വർക്ക് നിയർഹോം സ്ഥാപികുന്നത് നാടിന്റെ വികസനത്തിനും കോട്ടയം ജില്ലയിലെ ഐ.ടി മേഖലയ്‍ക്കും ശക്തി പകരുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഐ.ടി ഹബ് ആയ കൊച്ചിയുമായും സാറ്റ്‌ലൈറ്റ് ഐ.ടി മേഖലയായി ഉയരുന്ന ചേർത്തലയുമായി വളരെ അടുത്തുള്ള ഏറ്റുമാനൂരിന്റെ ഭാവി വികസനം കൂടി മുന്നിൽ കണ്ടുള്ള പദ്ധതിയാണിതെന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഏറ്റുമാനൂർ ഐ.ടി. ഐയുടെ ഭൂമിയിൽ ഐ.ടി. പാർക്ക് (വർക്ക് നിയർ ഹോം ) പദ്ധതി നടപ്പിലാക്കും. ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കിഫ്ബിയുടെയും സ്റ്റാർട്ടപ്പ് മിഷന്റെയും സഹായത്തോടെയാണ് പദ്ധതിനടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ച് ആവശ്യമായി വരുന്ന മുഴുവൻ തുകയും ഇതിന് ലഭ്യമാക്കും.
5.41 ഹെക്‌ടർ സ്ഥലത്തലാണ് ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ക്യാമ്പസിൽ ഐ.ടി.ഐ-യുടെ പ്രവർത്തനത്തിനാവശ്യമായ സ്ഥലം കഴിഞ്ഞുള്ള ഭൂമിയാകും ഇതിനായി ഉപയോഗിക്കുക.