ബിജെപി കോതമംഗലം മണ്ഡലം കാര്യാലയത്തിന് മുന്നില്‍ പെട്രോള്‍ കന്നാസുമായി കുടുംബത്തിൻ്റെ ആത്മഹത്യ ഭീഷണി. കുടുംബത്തില്‍ നിന്ന് കൈക്കൂലിയായി 10.58 ലക്ഷം രൂപ വാങ്ങിയെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓണ്‍ലൈൻ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ചാണ് കുടുംബം ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് സമരം നടത്തിയത്.
2025 ജൂണ്‍ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ 10,58,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികള്‍ വാങ്ങിയതെന്ന് കുടുംബം പറയുന്നു. എന്നാല്‍ പണം വാങ്ങിയതല്ലാതെ മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ കേസില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോർജ് ആരോപിച്ചു.
കുത്തിയിരിപ്പ് സമര നാടകം നടത്തിയ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
നഷ്ടമായ പണം തിരികെ ലഭിക്കും വരെ സമരം നടത്താനെത്തിയ സംഘത്തെ കോതമംഗലം പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.














































































