കോട്ടയം:ഗൃഹോപയോഗത്തിനും വ്യാപാര ആവശ്യങ്ങൾക്കും വിതരണം ചെയ്യുന്ന എൽപിജി ഗ്യാസ് സിലിണ്ടറുകൾ ചില ഗ്യാസ് ഏജൻസികൾ കരിചന്തയിൽ വിൽക്കുന്നതായി ഗുരുതരമായ പരാതി ഉയർന്നു. ഇത് ഏജൻസികളുടെ പൂർണ്ണ അറിവോടെയാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
വിതരണത്തിനായി ലഭിക്കുന്ന സിലിണ്ടറുകൾ നിശ്ചിത ഉപഭോക്താക്കൾക്ക് നൽകാതെ കൂടിയ വിലയ്ക്ക് അനധികൃതമായി വിറ്റഴിക്കപ്പെടുന്നതായാണ് ആരോപണം. ഇതുമൂലം സാധാരണ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും സിലിണ്ടർ ലഭ്യതയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി പറയുന്നു.
ഇക്കാര്യത്തിൽ തിരഞ്ഞടുപ്പിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പരാതി നൽകിയതായും,ജില്ലാ കലക്ടർ ,സപ്ലൈ ഓഫീസർ എന്നിവരെ നേരിൽ കണ്ടു വിവരം അറിയിച്ചതായും പരാതിക്കാർ പറയുന്നു. എന്നാൽ ഇതുവരെ യാതൊരു പരിശോധനയോ നടപടിയോ ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.
ഇതിനിടയിൽ വിഷുവും അവധി ദിവസങ്ങളും അടുത്തെത്തുന്നതിനാൽ ഗ്യാസ് ലഭ്യത കുറയുന്നത് ഹോട്ടൽ വ്യവസായത്തെയും ചെറിയ ഭക്ഷണശാലകളെയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. ആവശ്യത്തിന് സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനം തടസ്സപ്പെടാൻ കാരണമാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
ഗ്യാസ് വിതരണത്തിൽ ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സാധാരണ ജനങ്ങളെയും വ്യാപാര മേഖലയെയും നേരിട്ട് ബാധിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













































































